Friday, October 9, 2009

ശ്രീ ഉദിത് ചൈതന്യ യതി മഹാഭാഗവതത്തെപ്പറ്റി മുഖവുരയായി പറയുന്നത്...

സ്വാമി ഉദിത് ചൈതന്യയതി കൂടുതൽ വിശദമായി ഭാഗവതോത്ഭവത്തെപ്പറ്റി ഭാഗവത രഹസ്യങ്ങളെക്കുറിച്ചും പറയുന്നു:

‘ഭ’ എന്നാൽ അറിവ് എന്നർത്ഥം. ഭാഗവതം എന്നാൽ അറിവ് പകർന്നു തരുന്നത്
ഭഗവാൻ എന്നാൽ ആശ്രയത്തിലേക്ക്/അറിവിലേക്ക് ഉയർത്തുന്നവൻ എന്ന്.
നാം നമ്മെ ആശ്രയത്തിലേക്ക് ഉയർത്താനാണ് ഭാഗവതം കേൾക്കേണ്ടത്..

ഭാഗവതോത്ഭവം

ഭാഗവതം ഭഗവാനിൽ നിന്നും ബ്രഹ്മാവ് മനസ്സിലാക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മകൻ നാരദന് പറഞ്ഞുകൊടുക്കുന്നു. നാരദൻ വേദവ്യാസന് (കൃഷ്ണദ്വൈപാനൻ) പറഞ്ഞുകൊടുക്കുന്നു.
വേദവ്യാസമഹർഷി പിന്നീട് ജന്മനാ ജീവന്മുക്തനായിരുന്ന ശ്രീശുകമഹർഷിക്ക് മഹാഭാഗവതം പറഞ്ഞുകൊടുക്കുന്നു.

ശ്രീശുകൻ!

വേദവ്യാസമഹർഷിയുടെ മകൻ, ശ്രീശുകൻ ഗർഭത്തിൽ 12 വർഷം കഴിഞ്ഞത്രെ! പിന്നീട്, ജനിച്ചുവീണയുടൻ നടക്കാനും ആരംഭിച്ചു. ജന്മനാ ജീവന്മുക്തനായ ശ്രീശുകൻ അച്ഛൻ അമ്മ എന്നീ ലൌകീകബന്ധങ്ങളിൽ നിന്നൊക്കെ മുക്തനായിരുന്നു. ജീവന്മുക്തനായ അദ്ദേഹത്തിന് ഭാഗവതം കേൾക്കേണ്ട ആവശ്യവുമില്ലായിരുന്നു. ശ്രീശുകന് വ്യാസൻ താൻ രചിച്ച ശ്രീമഹാഭാഗവതം ചൊല്ലിക്കേൾപ്പിക്കുന്നത് ലോകജനാർത്ഥമാണ്. ശ്രീശുകൻ വഴി അത് ലോകത്തിലെ ജനങ്ങളിൽ എത്തുമെന്ന് അറിയാവുന്നതുകൊണ്ട്..

ശ്രീശുകൻ ശ്രീമഹാഭാഗവതം പറയുന്നത്:

പരീഷിത്ത് യാഗം നടത്തുമ്പോൾ ശ്രീശുകൻ അവിടെയെത്തി, ‘ഏഴുദിവസം കൊണ്ട് എന്തുചെയ്താലാണ് തനിക്ക് പുണ്യം കിട്ടുക’ എന്ന പരീക്ഷിത്തിന്റെ ചോദ്യത്തിനുത്തരമായി മഹാഭാഗവത കഥ പറയുന്നു. സൂതമഹർഷിയും അവിടെ സന്നിഹിതനായിരുന്നു.

[ഭാഗവതം ഒരു മരമായി സങ്കൽ‌പിച്ചാൽ ആ മരത്തിന്റെ പ്രധാനമായും 12 ശിഖരങ്ങൾ ഉണ്ട്. അതിന് 335 ഉപശിഖരങ്ങളും ആ ശിഖരങ്ങളിലെല്ലാം കൂറ്റി 18000 ഇലകളും ഉണ്ട്. ശ്രീശുകമഹർഷി ഒരു ശുകമെന്നപോലെ അതിലെ മൂത്തുപഴുത്ത പഴങ്ങൾ കൊത്തി നമുക്ക് എത്തിച്ചുതരുന്നു ശ്രീമഹാഭാഗവതത്തിലൂടി]

സൂതമഹർഷി പിന്നീട് നൈമിശികാരണ്യത്തിൽ വച്ച് ശൌനകാദിമുനിമാർ കലിലാലദോഷം നീക്കാൻ യാഗം ചെയ്യുമ്പോൾ അവിടെയെത്തി വീണ്ടും ഈ കഥ വിവരിക്കുന്നതായാണ് മഹാഭാഗവതകഥയുടെ തുടക്കം.


ആദ്യവും അവസാനവും ഭാഗവതത്തിൽ പറയുന്നു, “സത്യം പരം ധീ മഹി”.
‘ധീ’ എന്നാൽ ബുദ്ധി എന്നർത്ഥം. മഹീ എന്നാൽ ഞങ്ങൾ സ്മരിക്കുന്നു. ‘പരമമായ സത്യത്തിന്റെ/അറിവിന്റെ സ്മരണയിൽ ജീവിക്കുക’. പരമമായ സത്യം എന്നാൽ സൂക്ഷമായത്.
സ്ഥൂലമായതിൽ നിന്നും സൂക്ഷ്മത്തെ കണ്ടറിയുകയും അതുൾക്കൊള്ളുകയും ചെയ്യുക. അതിന് വേണ്ടത് സ്ഥൂലമായതെന്തെന്നും സൂക്ഷ്മമായതെന്തെന്നും തിരിച്ചറിയാനുള്ള അറിവാണ്. ഈ അറിവ് നമുക്ക് ഭാഗവതം തരുന്നു...

സ്ഥൂലം

നമ്മുടെ അറിവൊക്കെ നമ്മെ എങ്ങിനെ ജീ‍വിതം ഏറ്റവും നന്നായി എഞ്ജോയ് ചെയ്യാൻപറ്റും എന്നതിലേക്കാണ് നയിക്കുന്നത്. പേരും പ്രശസ്തിയും പദവിയും കാറും വീടും അങ്ങിനെ വിജയത്തിന്റെ എഞ്ജൊയ്മെന്റിന്റെ കാര്യത്തിൽ നമുക്കു ചുറ്റുമുള്ളവരെ അനുകരിച്ചും മറ്റും നമുക്കും ഓരോ കഴ്ചപ്പാടുകൾ ഉണ്ട്. നമ്മുടെ ശരീരമാണ് എഞ്ജോയ്മെന്റിനു പുറകെ പോകുന്നത്

സൂക്ഷ്മം

എന്നാൽ ഇതൊക്കെ നേടിയാലും നമ്മുടെ മനസ്സിൽ എന്തോ ഒരു കുറവ് അനുഭവപ്പെടും! ആ കുറവ് നികത്തി, ഒരു ഉൾക്കാഴ്ച തരികയാണ് ഭാവതം ചെയ്യുന്നത്.. നാമൊക്കെ ഒരു കിണറ്റിലെ തവളയെപ്പോലെ നാം കണ്ടതും അറിഞ്ഞതും ഒക്കെയാണ് ശരിക്കുമുള്ള ജീവിതം എന്നു കരുതി ജീവിക്കുന്നു.. വിശാലമായ ഒരു കടൽ കാണാനിടയാകുന്നതുവരെ.. ആ വിശാലതയാണ് ഭാഗവതവും നമുക്ക് അനുഭവപ്പെടുത്തുന്നത്..

ഭാഗവതം അറിയുമ്പോൾ നാം ഇതുവരെ കണ്ടതും അറിഞ്ഞതും ഒക്കെ വളരെ ഇടുങ്ങിയ ഒരു ലോകം മാത്രമായിരുന്നു എന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടാകുന്നു

സ്ഥൂലവും സൂക്ഷവും ഒരു തിരിച്ചറിയൽ!

സ്ഥൂലം എന്നാൽ ഉദാഹരണം ഉണ്ണുന്നു, ഉറങ്ങുന്നു, ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു. പക്ഷെ ആരാണ് ഇതൊക്കെ പ്രവർത്തിക്കുന്നത്?
സൂക്ഷ്മമായ ഒരു മനസ്സ് അല്ലെങ്കിൽ ചിന്ത.

ശരീരമാകരുത്, മനസ്സാകണം നമ്മെ നയിക്കേണ്ടത്. ഒരു വേദന വരുമ്പോൾ ദുഃഖിക്കുന്നത് മനസ്സാണ്. ഒരു സുഖം വരുമ്പോൾ സന്തോഷിക്കുന്നതും മനസ്സാണ്. സ്ഥൂലമായത് അനുഭവിക്കുന്നത് ശരീരമെന്നും. സൂക്ഷ്മമായത് അറിയുന്നത് മനസ്സെന്നും പറയാം. മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ നമുക്ക് സുഖദുഃഖങ്ങളെയും കീഴടക്കാം.

ഉദാഹരണം:

പ്രഹ്ലാദൻ അമ്മയുടെ ഉദരത്തിൽ വച്ച് ഭാഗവതം ശ്രമിച്ച് മനസ്സിനെ കീഴടക്കിയതുകൊണ്ടാണ്; പ്രഹ്ലാദന് തിന്മയെ ചെറുത്ത് നന്മയെ ജയിപ്പിക്കാനായത്. അർജ്ജുനൻ യുദ്ധത്തിൽ തളർന്നു നിൽക്കുന്നതും മനസ്സിനെ കീഴടക്കാനാകാഞ്ഞതുകൊണ്ടാണ്.

ഭാഗവതരഹസ്യം!

നമ്മുടെ എല്ലാ അനുഭവങ്ങളും സ്ഥൂലമായതും സൂക്ഷ്മമായതും ഉൾക്കൊള്ളുന്നു. നാം സ്ഥൂലമായതു മാത്രമേ അറിയുന്നുള്ളൂ എന്നാൽ സകല അനുഭവങ്ങൾക്കും സ്ഥൂലവും സൂക്ഷ്മവും ഉണ്ട്. സുഖമുണ്ടെങ്കിൽ ആ സുഖത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു ദുഃഖം, ആരോഗ്യത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അനാരോഗ്യം, പ്രകാശത്തിൽ ഇരുട്ട്, കാമത്തിൽ ഭയം; ജനനമുണ്ടെങ്കിൽ മരണമുണ്ട്... ... അങ്ങിനെ ഒന്നു മാറുമ്പോൾ മറ്റൊന്ന് തെളിയുന്നു.. ഒരനുഭവമായി ആർക്കും അനുഭവിക്കാൻ പറ്റില്ല.


ജീവിതത്തിന്റെ ഈ രണ്ടുമുഖങ്ങളും മനസ്സിലാക്കി ദുഃഖത്തിൽ അധികം തളർന്നുപോകാതെയും സുഖത്തിൽ അഹങ്കരിച്ചുപോകാതെയും സമചിത്തതയോടെ ജീവിക്കാനാകുന്നതാണ് ഭാഗ്യം.അതത്രെ ഭാഗവത രഹസ്യവും! .

സ്ഥൂലമയതും സൂക്ഷ്മായതും വേർതിരിച്ചറിഞ്ഞ് ജീവിക്കണമെങ്കിൽ നാം ആദ്യം നമ്മുടെ ധർമ്മങ്ങൾ എന്താണെന്നു മനസ്സിലാക്കണം:

ധർമ്മം
ധ എന്നാൽ ഭരിക്കേണ്ടത് എന്നർത്ഥം

ഭാഗവതത്തിൽ വിളംബരം ചെയ്യുന്നത് ‘ധർമ്മ’ത്തെക്കുറിച്ചാണ്.
ധർമ്മത്തിനും രണ്ടർത്ഥമുണ്ട്. സ്ഥൂലാർത്ഥം. നമ്മുടെ ജീവിതമൊക്കെ ധർമ്മ നിഷിപ്തമാണ്. നമുക്കൊക്കെ ഓരൊ റോളുകൾ ഉണ്ട്, അച്ഛൻ അമ്മ, ഭർത്താവ് ഭാര്യ മക്കൾ എന്നിങ്ങനെ അത് ഒരു ധർമ്മം.


സൂക്ഷ്മ ധർമ്മം.
നമ്മുടെ ചിന്തകൾ, നമ്മിലടങ്ങിയിരിക്കുന്ന ചൈതന്യം. സൂക്ഷമമായത് എങ്ങിനെ സ്ഥൂലത്തെ നയിക്കാനാകുമെന്നതാണ് ഭാഗവതം പറഞ്ഞു തരുന്നത്. നമ്മെ ഭരിക്കേണ്ടത് നമ്മുടെ ശരീരമല്ല, മനസ്സാണ്/ നമ്മിലടങ്ങിയിരിക്കുന്ന ചൈതന്യമാണ് . ഇത് മനസ്സിലാക്കി നാം നമ്മുടെ ധർമ്മങ്ങൾ

മനസ്സിനെ മുൻ‌നിത്തി ചെയ്ത് തീർക്കുക.. മനസ്സാണ് പ്രധാനം എന്ന് എപ്പോഴും ഓർക്കുക..

ലൌകീകതയിൽ മുഴുകാതിരിക്കുക. ശരീരം മനസ്സിനെ പ്രവർത്തിപ്പിക്കുകയാണ് എന്ന് ഓർക്കുക

ഉദാഹരണമായി ഉദിത് ചൈതന്യ യതി ഒരു കഥ പറയുന്നു.

നാം ചില സിനിമകളൊക്കെ കാണുമ്പോൾ അത് അഭിനയിച്ച നാ‍യകന്മാരെ മറന്ന് ആ കഥാപാത്രത്തിൽ ലയിച്ച്പോകുന്നില്ലേ അതുപോലെയാണ് നാം മനസ്സിനെ/ചൈതന്യത്തെ മറന്ന്

ശാരീ‍രികമായ സുഖങ്ങളിൽ മാത്രം മുഴുകി മുന്നോട്ടു പോകുന്നത്.

ദൈവം ഇരിക്കുന്നത് ഭക്തന്മാരുടെ ഹൃദയങ്ങളിൽ!

ദൈവം ഇരിക്കുന്നത് ഭക്തന്മാരുടെ ഹൃദയങ്ങളിൽ എന്നതിനുദാഹരണമാണ് ഭഗവത് ഭക്തനായ അംബരീക്ഷന്റെ കഥ.
അംബരീക്ഷന്റെ പ്രാർത്ഥനപ്രകാരം ദുർവ്വാസാവു മഹർഷിയുടെ നേർക്ക് സുദർശനചക്രം അടുക്കുമ്പോൾ രക്ഷപ്പെടാനായി ദുർവ്വാസാവ് വൈകുണ്ഡത്തിൽ ചെന്ന് ഭഗവാന്റെ കാൽക്കൾ വീഴുന്നു അപ്പോൾ ഭഗവാൻ പറയുന്നു, ‘എനിക്കും അങ്ങയെ രക്ഷിക്കാനാവില്ല. കാരണം ഞാനിരിക്കുന്നത് വൈകുണ്ഡത്തിലല്ല, എന്റെ ഭക്തന്മാരുടെ ഹൃദയങ്ങളിലാണ്. പോയി അംബരീക്ഷന്റെ കാൽ‌ക്കൽ വീഴുക’ എന്ന്. മനുഷ്യരൊക്കെ ചലിക്കുന്ന ക്ഷേത്രങ്ങളാണെന്ന് ഭാഗവതം പറയുന്നു. നമ്മുടെ ഒക്കെ ശരീരം ക്ഷേത്രമാണെന്നറിയുക. നമ്മുടെ ഉള്ളിലെ ചൈതന്യം ഇല്ലെങ്കിൽ നാമൊക്കെ വെറും പിണം മാത്രം. ഭഗവാൻ പതിമൂന്നാംത്തെ അദ്ധ്യായത്തിൽ പറയുന്നു, ‘ ഈ ശരീരത്തെ ക്ഷേത്രം എന്നറിയുക’

ഇതൊക്കെ കേവലം 5 വയസ്സിൽ തന്നെ മനസ്സിലാക്കിയ കുട്ടിയാണ് ധ്രുവൻ.
മഹാവിഷ്ണു മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ധ്രുവൻ പറയുന്നു, ‘അങ്ങ് ശംഖുചക്രഗദാധാരിയായി മുന്നിൽ നിൽക്കുമ്പോഴും ഞാനറിയുന്നു, അങ്ങ് എന്റെ ഉള്ളിലാണ് ഉള്ളതെന്ന്. അങ്ങയുടെ ചൈതന്യമില്ലെങ്കിൽ എനിക്ക് അനങ്ങാൻ കൂടി കഴിയില്ല’.

നമ്മിലടങ്ങിയിരിക്കുന്ന ‘ചൈതന്യം’ അതത്രെ ഈശ്വരൻ!


‘നമ്മെ നാമാക്കിതീർക്കുന്ന ചൈതന്യം’ അതാണ് ഈശ്വരൻ.

നമ്മിലടങ്ങിയിരിക്കുന്ന സൂക്ഷമായ ചൈതന്യം(മനസ്സ്) അതാണ് നമ്മുടെ പ്രവർത്തികളെ നയിക്കേണത്/ഭരിക്കേണ്ടത് എന്ന് പറഞ്ഞുവല്ലൊ, നമ്മിലടങ്ങിയിരിക്കുന്ന ആ ചൈതന്യത്തെ കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. അത് ഭക്തിയിലൂടെ മാത്രമേ സാദ്ധ്യമാകൂ..

നമ്മുടെ ഉള്ളിലെ വാസുദേവ ചൈതന്യത്തെ അറിയുവാൻ നമുക്ക് വേണ്ടത് ഭക്തിയും ജ്ഞാനവും വൈരാഗ്യവുമത്രെ!

വിഷ്ണുസഹസ്രനാമത്തിന്റെ ഒടുവിലും ആരാണ് വാസുദേവൻ എന്ന് പറയുന്നു..
മൂന്നു ലോകങ്ങളിലും വസിക്കുന്നവൻ എന്നാണ് വാസുദേവൻ എന്നാൽ

മൂന്നുലോകങ്ങൾ എന്നാൽ: നമ്മുടെ തന്നെ നമ്മുടെ മൂന്നവസ്ഥകൾ ആണ്.
1. ഉണർന്നിരിക്കുന്ന അവസ്ഥ( ലോകം)
2. ഉറങ്ങുന്ന അവസ്ഥ
3. സ്വപ്നാവസ്ഥ

നാമൊക്കെ പുറത്തേയ്ക്ക് നോക്കി ശീലിച്ചുപോയി. നമ്മുടെ ഉള്ളിലേക്ക് നോക്കാൻ നമുക്ക് പ്രയാസമാണ്. ഒരു ചെറു കഥ:
ബ്രഹ്മാവ് ആദിമനുഷ്യരെ സൃഷ്ടിച്ചപ്പോൾ എല്ലാവരും ഭയങ്കര സന്തോഷവാന്മാർ. ഒരിടത്തും അടങ്ങിയിരിക്കാതെ അങ്ങിനെ സന്തോഷിച്ച് തുള്ളിച്ചാടി നടക്കുന്നു..! ബ്രഹ്മാവിനു തന്നെ അവരോട് അസൂയ തോന്നിത്തുടങ്ങി. അങ്ങിനെ അദ്ദേഹം രണ്ടാമത്തെ സൃഷ്ടിയിൽ സന്തോഷത്തെ എടുത്ത് ഭൂമിക്കടിയിൽ കുഴിച്ചിട്ടു. പക്ഷെ, മനുഷ്യർ ഭൂമി തുരന്ന് സന്തോഷം കണ്ടെത്തി!ഭ്രഹ്മാവ് അടുത്ത സൃഷ്ടിയിൽ സന്തോഷം കടലിന്നടിയിൽ ഒളിച്ചു വച്ചു. മനുഷ്യർ കടലിന്നടിയിൽ മുങ്ങിച്ചെന്ന് സന്തോഷത്തെ കണ്ടെത്തി. ബ്രഹ്മാവ് അടുത്ത സൃഷ്ടി നടത്തിയപ്പോൽ സന്തോഷത്തെ ആകാശത്ത്, ചന്ദ്രനിൽ കൊണ്ടു വച്ചു. മനുഷ്യർ അതും പോയി കണ്ടെടുത്തു.
ഒടുവിൽ ബ്രഹ്മാവിനു ഒരു ബുദ്ധി തോന്നി. എല്ലാവരും നോക്കാൻ മടിക്കുന്നത് അവനവന്റെ ഉള്ളിലല്ലെ,അങ്ങിനെ ബ്രഹ്മാവ് അടുത്ത സൃഷ്ടി നടത്തിയപ്പോൾ ആനന്ദത്തെ എടുത്ത് മനുഷ്യരുടെ ഹൃദയത്തിന്റെ ഉള്ളിൽ പൂട്ടിവച്ചു. അത് അവിടെ ഭദ്രമായി ഇരുന്നു. കാരണം വളരെ ചുരുക്കം പേരേ തന്റെ ഉള്ളിൽ തിരഞ്ഞ് ആനന്ദം ചികയൂ..

പരമസുഖത്തിനായി ചെയ്യേണ്ടുന്നവ.

നാം ജനിക്കുമ്പോഴേ നമുക്കൊക്കെ ചില കണക്കുകൂട്ടലുകൾ ഉണ്ട്. പരമസുഖത്തിനായി ചെയ്യേണ്ടുന്നവ. നമ്മുടെ മൈനസ് കളൊക്കെ പ്ലസ്കളാക്കാൻ നാം പരക്കം പായുന്നു.ഒരു നല്ല ജോലി കിട്ടിയാൽ നമ്മുടെ മൈനസ് പ്ലസ് ആകും. ഒരു നല്ല വീടുകെട്ടിയാൽ, അല്ലെങ്കിൽ,ഒരു കാറ്‌ വാങ്ങിയാൽ നമ്മളുടെ കുറവുകൾ കുറച്ചുകൂടി നികത്താനാകും, അല്ലെങ്കിൽ, നല്ല ഒരാളെ വിവാഹം കഴിച്ചാൽ നമ്മുടെ വലിയ കുറവുകൾക്കൊക്കെ പരിഹാരമായി.. എന്നിങ്ങനെ.. എന്നാൽ ഒടുവിൽ എല്ലാം ഈക്വൽ ടു ആയി കിട്ടുന്നതോ ഒരു വലിയ നഷ്ടമായിരിക്കും
വിവാഹം, മക്കൾ, പണം, പ്രശസ്തി ... ഒക്കെ ഒടുവിൽ നമ്മെ കൈവിട്ട് പോകുന്നു, ഒറ്റപ്പെടുത്തുന്നു.
അതുകൊണ്ട് ഈ കണക്കുകൂട്ടലുകളിൽ പെട്ട് സ്വയം മറക്കാതെ, നമ്മുക്ക് ശാശ്വതമായ വിജയം, മുക്തി, ശാന്തി, സന്തോഷം, കിട്ടണമെങ്കിൽ ഒന്നിനു മാത്രമേ ആകൂ.. ഭക്തിയിലൂടെ മാത്രം, എന്ന് തിരിച്ചറിയുക. ഭക്തി കൈവന്നു കഴിഞ്ഞാൽ പിന്നെ, നമ്മുടെ എല്ലാ ദുഃഖങ്ങളും/ചിന്തകളും വറുത്ത വിത്തുകൾ കുഴിച്ചിടുന്നപൊലെ മുളച്ച് വളരാതെ സ്വയം കെട്ടടങ്ങും. ഇതിനു വേണ്ടത് വാസുദേവനെ അറിയുക.
നാലു പ്രകാരത്തിൽ വാസുദേവനെ അറിയുക:
‘നാമും നിങ്ങളും നമ്മളായി ഇരിക്കുന്നത് വാസുദേവനാലാണ്.’
‘നാം വാസുദേവനെ സ്നേഹിക്കവഴി നമ്മെ തന്നെ സ്നേഹിക്കുകയാണ്; (നാമായി നിലനിൽക്കുന്നത് വാസുദേവനാൽ.)’
‘വാസുദേവനാണ് നമ്മെ നയിക്കുന്നത്.’
‘ഒടുവിൽ നാം ലയിക്കുന്നതും വാസുദേവനിൽ തന്നെ.’


സ്ഥൂലവും സൂക്ഷമവും തിരിച്ചറിഞ്ഞ് ജീവിക്കാൻ ആദ്യം വേണ്ടത് മുൻവിധികൾ ഉപേക്ഷിക്കുക എന്നതാണ്. നമ്മുടെ ധർമ്മം എന്താണെന്ന് മനസ്സിലാക്കി ജീവിക്കുക. നമുക്കെല്ലാം അറിയാം, നമ്മള്‍ ചെയ്യുന്നതെല്ലാമാണ് ശരി എന്നിങ്ങനെയുള്ള മുന്‍‌വിധികള്‍ മാറ്റിവച്ച്, നാം ശരിയായത് കേൾക്കാൻ നമ്മെ അനുസരിപ്പിക്കുക. (ഉദാഹരണം: *പ്രഹ്ലാദനന്റെ അമ്മ ഹയാതുവിന്റെ കഥ..)


*ഹയാതുവിന്റെ കഥ

ദുഷ്ടനായ ഹിരണ്യകശിപുവിന്റെ ഭാര്യയാണ് ഹയാതു. ഹയാതു പ്രഹ്ലാദനെ ഗർഭം ധരിച്ചിരിക്കുമ്പോൾ
ദേവേന്ദ്രൻ ഹയാതുവിനെ ബലാൽക്കാരേണ പിടിച്ചുകൊണ്ടുപോകുന്നു, ഹിരണ്യകശിപുവിന്റെ മകനെ ഗർഭത്തിൽ വച്ചുതന്നെ നശിപ്പിക്കാനായി. വഴിയിൽ വച്ച് നാരദമുനി തടുത്തുനിർത്തി പറയുന്നു, ഗർഭത്തിലുള്ള കുട്ടി വിഷ്ണുഭക്തനാണെന്നും ഹയാതുവിനെ ഒന്നും ചെയ്യരുതെന്നും പറഞ്ഞ് ഹയാതുവിനെ രക്ഷിച്ച്
തന്റെ ആശ്രമത്തിൽ കൊണ്ടുപോകുന്നു. ഹയാതു നാരദന്റെ ആശ്രമത്തിൽ വച്ച് ഭാഗവതം കേൾക്കുകയും അത് ഗർഭത്തിൽ വച്ചുതന്നെ പ്രഹ്ലാദൻ കേൾക്കയാലും ഹയാതുവിന് പരമഭക്തനായ പ്രഹ്ലാദന് ജന്മം നൽകുവാനായി. ഹയാതു ഒരുപക്ഷെ, തന്റെ മുൻ‌വിധികളുമായി നടന്നിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ‘നാരദമുനേ എന്നെ തിരിച്ച് ഹിരണ്യകശിപുവിന്റെ കൊട്ടാരത്തിൽ കൊണ്ടുചെന്നാക്കാൻ’ പറഞ്ഞിരുന്നെങ്കിലോ, അതല്ല, ‘സ്ത്രീകൾക്ക് മഹാഭാഗവതം കേൾക്കാൻ യോഗ്യതയില്ലാത്തതിനാൽ ശ്രദ്ധിക്കാതിരുന്നെങ്കിലോ’ ഹയാതുവിന് പ്രഹ്ലാദനെപ്പോലൊരു പുത്രന് ജന്മം നൽകുവാനാകുമായിരുന്നില്ല.

സ്വാമി ഉദിത ചൈതന്യയതി ഭാരത മാഹാത്മ്യത്തെപ്പറ്റിയും ധർമ്മങ്ങളെപ്പറ്റിയും ഒക്കെ ചില ഉദാഹരണങ്ങൾ പറയുന്നു:

ഭാഗവതരസം: ഭക്തിരസം!

ജീ‍വിതത്തിലെ സ്ഥൂലവും സൂക്ഷ്മവും മനസ്സിലാക്കി, സുഃഖങ്ങളെയും ദുഃഖങ്ങളെയും സമചിത്തതയോടെ തരണം ചെയ്യാൻ വേണ്ടത് ഭക്തിരസമത്രെ. ഇതാണ് ഭാഗവതം നമുക്ക് തരുന്നതും. ഈ ധർമ്മം മനസ്സിലാക്കിയ്‌വർ

കുന്തി: ദുഃഖത്തിലും ദുഃഖിക്കാതിരുന്നവൾ

ഇനിയും ദുഃഖം തന്ന് അനുഗ്രഹിക്കൂ‍.. (കുന്തീസ്തുതി)

പരീക്ഷിത്തിനെ ഉത്തരയുടെ ഗർഭത്തിൽ നിന്നും രക്ഷിച്ച് ഒടുവിൽ, ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് തിരിച്ചു പോകാൻ നിൽക്കുമ്പോൾ അദ്ദേഹത്തിനടുത്തേക്ക് കുന്തി വരുന്നു.
കുന്തീദേവി ശ്രീകൃഷ്ണനോട് പറയുന്നു, “എന്റെ ദുഃഖങ്ങൾ നിരവധിയായിരുന്നു. പ്രസവിച്ച് പുത്രനെ ഉപേക്ഷിക്കേണ്ടി വന്നു, ഭർത്താവ് ജീവിച്ചിരിക്കെ, മക്കളുണ്ടകാൻ വേണ്ടി അന്യദേവന്മാരെ ഭജിക്കേണ്ടിവന്നു, സ്വന്തം മക്കൾ തമ്മിൽ പടപൊരുതി, ഒരാളെ മറ്റൊരാൾ കൊല്ലുന്നത് കാണേണ്ടി വന്നു, പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിനു സാക്ഷിയാകേണ്ടി വന്നു; എല്ലാ ദുഃഖങ്ങലൂം സഹിക്കാനായത് അങ്ങയുടേ സാന്നിദ്ധ്യം എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്. ആ കൊടിയ ദുഃഖങ്ങളിലൊക്കെ അങ്ങയുരൂപം എന്റെ ഹൃദയ്ത്തിൽ അങ്ങയെ കുടിയിരുന്നാനായതുകൊണ്ടാണ്. അതുകൊണ്ട് ഭഗവാനേ ഇനിയും എനിക്ക് ദുഃഖങ്ങൾ തരിക, ഞാൻ അങ്ങയുടെ അടുത്തേക്ക് കുറച്ചുകൂടി എത്തട്ടെ” എന്നാണ് കുന്തി പ്രാർത്ഥിക്കുന്നത്!
(ദുഃഖം നമ്മെ ഈശ്വരനിലേക്കടുപ്പിക്കുന്നു. നമ്മുടെ ഉള്ളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. അവിടെ ഈശ്വരൻ വസിക്കുന്നു.)

ഭീക്ഷമർ: വേദനയിലും വേദന അറിയാതിരുന്നു. (ആ വേദനയിൽ കിടന്നുകൊണ്ടും ധർമ്മപുത്രർക്ക് ധർമ്മോപദേശവും പിന്നെ വിഷ്ണുസഹസ്രനാമവും ചൊല്ലിക്കൊടുക്കുന്നു)
ഇതിനു വേണ്ടത് ഹംസത്തെപ്പോലെ വിവേകബുദ്ധി

ഹംസത്തിനെ വിവേകത്തിന്റെ ചിഹ്നമായി ഭാരതീയർ കാണുന്നു. ഹംസത്തിന് പാലും വെള്ളവും തമ്മിൽ വേർതിരിക്കാനാകുമത്രെ! ഹംസം എന്നാൽ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് നല്ലതിനെ ചീത്തയിൽ നിന്നും വേർതിരിക്കാൻ കഴിവുള്ളത് എന്നർത്ഥം. പണ്ടത്തെ വിളക്കിന്റെ ഒക്കെ മുകളിൽ ഹംസത്തിന്റെ രൂ‍പമായിരുന്നു കൊത്തിയിരുന്നത്. അത് ഈ അർത്ഥം പ്രധിനിധാനം ചെയ്യാനാണ്.

അസതോമാ സത്ഗമയാ (അസത്തിൽ നിന്ന് സത്തിലേക്കും)
തമസോമാ ജ്യോതിർഗമയാ (തമസ്സിൽ നിന്നു വെളിച്ചത്തിലേക്കും)
മൃത്യോർമ്മാ അമൃതംഗമയാ (മരണത്തിൽ നിന്നും അമരത്വത്തിലേക്കും)
ഇതിനൊക്കെ വേണ്ടത് ഹംസത്തെപ്പോലെ വിവേകബുദ്ധിയാണ്. അതുണ്ടാകാൻ പ്രേമത്തോടു കൂടിയ ഭക്തി വേണം. അതിന് ഈശ്വരനെ ഗുരുവായി കാണണം, കുന്തീദേവിയ്ക്കും പാഞ്ചാലിക്കും ധരമ്മപുത്രർക്കും ഒക്കെ ഉണ്ടായ ഭഗവത് ഭക്തിയുടെ കഥകൾ കേൾക്കണം.. നമ്മുടെ ശ്രദ്ധ ഭഗവാനിലേക്ക് തിരിച്ചുവിടണം..

നാമൊക്കെ ദുഃഖിക്കുന്നത്, നമ്മുടെ മനസ്സ് ആ ദുഃഖിപ്പിക്കുന്ന കാര്യത്തെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. മനസ്സിനെ ആ ചിന്തകളിൽ നിന്നും വ്യതിചലിപ്പിക്കാനായാൽ ദുഃഖവിമുക്തിയുണ്ടാകും.

ഈ ഭാഗവത രസം നമുക്ക് പകർന്നു തരുന്ന പക്ഷി ശുകമാണ് ശ്രീശുകമഹർഷി. വേദങ്ങൾ എന്ന വൃക്ഷത്തിലെ മൂത്തുപഴുത്ത പഴങ്ങളാണ് ഭാഗവതം. പഴുത്ത പഴങ്ങളേ കിളി (തത്ത) കൊത്തുകയുള്ളൂ.. വിളഞ്ഞ കതിര്, പഴുത്ത പഴങ്ങൾ മാത്രം കൊത്തിക്കൊണ്ടുപോവുക എന്നത് തത്തയുടെ മാത്രം പ്രത്യേകതയണ്. ശ്രീശുകനാണ് ഇവിടെ വേദങ്ങളിലെ മൂത്ത പഴം കൊത്തി നമുക്ക് കൊണ്ടുതരുന്ന ശുകം.

ഭാരതീയ സംസ്കാരത്തിന്റെ ഉൽകൃഷ്ടത:

ഭാരതീയസംസ്ക്കാരത്തിന്റെ അറിവ് ഉണ്ടായത് ആത്മീയതയിൽ നിന്നായിരുന്നു. ഉള്ളിലേക്ക് നോക്കി കിട്ടിയ അറിവ്.

ഗലീലൊയോയും കോപ്പർനിക്കസ്സും ഒക്കെ ഭൂമിയുടെ ആകൃതിയും വ്യാപ്തിയും ഒക്കെ ടെലെസ്കോപ്പും മറ്റും വച്ച് കണ്ടുപിടിക്കുന്നതിനും എത്രയൊ മുൻപ് തങ്ങളുടെ മനക്കണ്ണ് കൊണ്ട് ഭൂമി ഉരുണ്ടതാണെന്നും, അതിന്റെ ഭ്രമണത്തിനെപ്പറ്റിയും ഒക്കെ ഭാരതീയാചാര്യന്മാർ എഴുതിവച്ചിട്ടുണ്ട്!

ഭാരതീയ സംസ്ക്കാരം എത്രമാത്രം മഹത്തരമാണ് എന്ന് എടുത്തുകാട്ടാനായി സ്വാമി നിത്യചൈതന്യയതി ചെറു പുരാണ കഥകളും ചരിത്ര കഥകളും പറഞ്ഞുതരുന്നു.

പുരാണത്തിൽ...

അശ്വത്ഥാമാവിന്റെ കഥ

ഭാരതീയ രാജാക്കന്മാരുടെ ക്ഷമയ്ക്കും സഹനശക്തിയും ഉദാഹരണം ചരിത്രത്തിൽ നിന്നും ഒരു കഥ:
ചരിത്രത്തിൽ...
പൃഥ്വിരാജാവിന്റെ കഥ
പൃഥ്വിരാജാവി മുഹമ്മദ്ഗോറിയെ 16 വട്ടം തോൽ‌പ്പിക്കുന്നു. ഓരോ പ്രാവശ്യം തോൽ‌പ്പിക്കുമ്പോഴും മാപ്പുകൊടുത്ത് പറഞ്ഞയ്ക്കുന്നു പതിനേഴാംവട്ടം മുഹമ്മദ് ഗോറി പൃഥ്വിരാജാവിനെ പിടികൂടാനാവുന്നു. പതിനാറുപ്രാവശ്യം തനിക്ക് മാപ്പു തന്ന് വിട്ടയച്ച രാജാവിന്റെ കണ്ണുകൾ രണ്ടും ചൂഴ്ന്നെടുക്കുകയാണ് മുഹമ്മദ് ഗോറി ആദ്യം ചെയ്യുന്നത്. അപ്പോൾ അടുത്തു നിന്ന മന്ത്രി പറയുന്നു, “ഇത്രയും ചെയ്തതുകൊണ്ടൊന്നും ഒന്നുമാകില്ല, അദ്ദേഹത്തിന്റെ കേൾവിശക്തിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഏതു ദിക്കിൽ നിന്ന് ശബ്ദം കേട്ടാലും അവിടേയ്ക്ക് അമ്പയക്കാനദ്ദേഹത്തിനു കഴിയും.” മുഹമ്മദ് ഗോറി അതറിയാനായി ദൂരെ മണി കെട്ടിയിട്ടു. മണികേട്ട ദിക്കിലേക്ക് അമ്പയച്ച് രാജാവ് മണി അറുത്തിട്ടു. ഉടൻ മുഹമ്മദ് ഗോറി പൃഥ്വിരാജാവിനെ വധിക്കാനായി വാളോങ്ങി
ഉടൻ പൃഥ്വിരാജാവ് പറയുന്നു, ‘എനിക്ക് ഒരു കഴിവുകൂടിയുണ്ട്, എനിക്ക് അങ്ങയുടെ ശബ്ദം കേട്ടാൽ മതി, ദൂരെ ഏതുദിക്കിൽ മണികെട്ടിയിട്ടാലും മുറിച്ചിടാനുള്ള കഴിവുകൂടിയുണ്ട്, അതുകൂടി കാട്ടാൻ ദയവുണ്ടാകണം.’ മുഹമ്മദ് ഗോറി സമ്മതിക്കുന്നു. എന്നാൽ അതൊന്ന് കണ്ടുകളയാം എന്നമാതിരി
അടുത്തപ്രാവശ്യം മുഹമ്മദ് മണി എയ്തുമുറിക്കാൻ കൽ‌പ്പനയിടുമ്പോൾ ശബ്ദം കേട്ട ദിക്കിലേക്ക് അമ്പയച്ച്, രാജാവ് മുഹമ്മദ്ഗോറിയുടെ തല എയ്തുവീഴുത്തുന്നു!
16 പ്രാവശ്യം മാപ്പുകൊടുത്തിട്ടും നേരെയാകാതിരുന്നതുകൊണ്ട് മാത്രമാണ് രാജാവ് മുഹമ്മദ്ഗോറിയെ വധിക്കുന്നത്!

ഭാരതസംസ്ക്കാരത്തിന്റെ മഹിമയ്ക്ക് മറ്റൊരു ഉദാഹരണം

രാജ്യത്തിന്റെ നാനാഭാഗത്തും ജ്യൂതന്മാരെ കൊന്നുനശിപ്പിക്കുമ്പോൾ അവർക്ക്,നിങ്ങൾ ഞങ്ങൾക്ക് ചായയിലെ പഞ്ചസാരപോലെ എന്നു പറഞ്ഞ് സ്വീകരിച്ച് അവർക്ക് അഭയം നൽകിയവർ ഭാരതീയ
രാജാക്കന്മാർ

സഹനശക്തിയ്ക്ക് മറ്റൊരുദാഹരണം ഗാന്ധിജി

ഒരു കന്നത്തടിക്കുമ്പോൾ മറുകന്നവും കാട്ടിക്കൊടുത്ത് ക്രിസ്തുവിന്റെ വാചകം നടപ്പിലാക്കി, ക്രിസ്തുവിന്റെ ദാസന്റെ കണ്ണുതുറപ്പിച്ച ഒരേ ഒരു വ്യക്തി.

പുനർജ്ജനനം

നാം പുനർജ്ജനിക്കുന്നത് നമ്മൾ മരിക്കാറാകുമ്പോൾ അവസാനനിമിഷം എന്താകാൻ ആഗ്രഹിക്കുന്നോ അപ്രകാരമായിരിക്കും എന്നതിനുദാഹരണം.
ഉമ പരമേശ്വരനോട് ദക്ഷയാഗത്തിനു ക്ഷണിച്ചില്ലെങ്കിലും പോകണം എന്ന് വാശിപിടിക്കുമ്പോൾ
പരശിവൻ മനസ്സിൽ കരുതും ഏതിനും ഉമയുടേ ആയുസ്സ് തീർന്നിരിക്കുകയാണ്. അച്ഛനെ കാണാൻ വിടാതിരുന്നാൽ ഉമ മരിക്കാൻ സമയം അച്ഛനെ ഓർത്തുകൊണ്ടാവും മരിക്കുക അപ്പോൾ അടുത്ത ജന്മം വീണ്ടും ദക്ഷന്റെ മകളായി തന്നെ ജനിക്കും. അതല്ല താൻ ദക്ഷയാഗത്തിനു പോകാൻ അനുവാദം കൊടുത്താൽ തീർച്ചയായും അവിടെവച്ചായിരിക്കും മരണം സംഭവിക്കുക അപ്പോൾ തീർച്ചയായും എന്നെഓർത്താവും മരിക്കുക. അപ്പോൾ അടുത്തജന്മം വീണ്ടും തന്റെ ഭാര്യയായി ജനിക്കും എന്ന്. അങ്ങിനെ ഉമ ദക്ഷയാഗത്തിനു പോവുകയും അവിടെ വച്ച് ദക്ഷനാൽ അപമാനിതയായി പരശിവനെ ഓർത്താണ് മരിക്കുന്നത്. അതുകൊണ്ട് അടുത്തജന്മം പാർവ്വതിയായി ജനിച്ച് വീണ്ടും പരമശിവന്റെ ഭാര്യയാവുന്നു.

ഇതുപോലെ അദ്ദേഹം ഒരു കുട്ടിയുടെ ജനനത്തിൽ ആ കുട്ടിയുടെ മാതാവിന്റെ സത്ചിന്തകളും പ്രവർത്തികളും ആണ് ആ കുട്ടിയുടെ പ്രകൃതം നിശ്ചയിക്കുന്നതെന്നും പറയുന്നു. അതുകൊണ്ട് ഗർഭിണികളായ സ്ത്രീകൾ സത്‌സംഗവും സത്ചിന്തകളും വച്ചുപുലർത്തണമത്രെ അപ്പോൾ സത്പുത്രന്മാർ ജനിക്കും

ഉദാഹരണമായി അദ്ദേഹം പറയുന്ന കഥകൾ:

പ്രഹ്ലാദന്റെ അമ്മ ഗർഭത്തിൽ വച്ച് ഭാഗവതം കേൾക്കയാൽ ജ്ഞാനിയായ പ്രഹ്ലാദൻ ജനിച്ചു
അതുപോലെ, ദിതി എന്ന മുനിപത്നി സന്ധ്യാസമയത്ത് ഭർത്താവിനെ നിർബ്ബന്ധിച്ച് പ്രാപിക്കാൻ
ചെന്നതിനാൽ അവർക്ക് ഹിരണ്യാക്ഷനും ഹിരണ്യ കശിപുവും എന്ന അസുരന്മാരായ പുത്രന്മാരുണ്ടായി. അതേ ദിതി തന്നെ പിന്നീട് സത് ചിന്തയാൽ ഭർത്താവിനോട് പുത്രർക്ഷക്കായി ഒരു പുത്രൻ വേണമെന്ന് അപേക്ഷിക്കുമ്പോൾ ഈശ്വരാംശമുള്ള പുത്രന്മാരെയും പ്രസവിച്ചത്രെ!

കുട്ടിയുടെ ജനന സമയത്തുള്ള അമ്മയുടെ ചിന്തയനുസരിച്ചാകും ഉണ്ടാകുന്ന കുട്ടികളും എന്നതിനു
മറ്റൊരു ഉദാഹരണ കഥ:


വേദവ്യാസമഹർഷി പുത്രോല്പാദനത്തിന് അംബികയെയും അംബാലികയേയും ദാസിയേയും സമീപിക്കുമ്പോൾ അംബിക കണ്ണടച്ചതിനാൽ അന്ധനായ ധൃതരാഷ്ട്രർ അന്ധനായി പിറന്നു,
അംബാലിക മുനിയെ കണ്ട് വിളറിയതിനാൽ പാണ്ഡുനിറഞ്ഞ പുത്രനുണ്ടായി, എന്നാൽ ദാസി
വിനീതയായി സ്വീകരിച്ചതിനാൽ വിദുരർ എന്ന ഞ്ജാനിയും ഉണ്ടായി.
പുനർജ്ജനനമില്ലെന്ന് കരുതുന്ന മറ്റു മതങ്ങളും അറിയാതെയെങ്കിലും പറയില്ലേ
ഒരാൾ വല്ലാതെ കഷ്ടപ്പെടുമ്പോൾ അയാൾ പണ്ടെങ്ങോ, കഴിഞ്ഞ ജന്മത്തിലെന്നോ ചെയ്ത പാപഫലമായിരിക്കാം ഈ ജന്മം അനുഭവിക്കുന്നത് എന്ന്!

മനസ്സിനെ ശ്രദ്ധതിരിച്ചുവിടാൻ ഉദാഹരണമായി ഒരു കൊച്ചുകഥ!

കൊച്ചുകുട്ടികൾ ‘അതുവേണം, ഇതുവേണം’ എന്നുപറഞ്ഞ് വാശിപിടിച്ച് കരയുമ്പോൾ
തിന്റെ അമ്മയോ, ജോലിക്കാരികളോ ആരെങ്കിലും വെളിയിലേക്ക് എടുത്തൂകൊണ്ട് പോകുന്നു.
എന്നിട്ട് പറയുന്നു, ‘ദാ നോക്കൂ മകനെ ആ മരത്തിലിരിക്കുന്ന കിളിയെ കണ്ടോ, ദാ ആ കിളി കണ്ണനെ നോക്കുന്നു..’എന്നൊക്കെ പറഞ്ഞ് കുട്ടിയെ ആ കുട്ടി എന്തിനുവേണ്ടിയാണോ അലമുറയിട്ട് കരഞ്ഞിരുന്നത് അതിൽ നിന്നും ശ്രദ്ധ തിരിച്ച് ചിരിപ്പിക്കുന്നു.. കുട്ടി താൻ വാശിപിടിച്ച് കരഞ്ഞെതെന്തിനാണെന്ന് മറന്നുപോകുന്നു.

അത്പോലെ നാമും നമ്മെ ദുഃഖിപ്പിക്കുന്ന ചിന്തകളിൽ നിന്നും മനസ്സിനെ വേർതിരിച്ച്, ഹംസത്തെപ്പോലെ നല്ല ചിന്തകലിലേക്ക് നയിക്കാൻ കഴിഞ്ഞാൽ (ഈശ്വരനലിലേക്ക്) ഏതു കൊടിയ ദുഃഖം സംഭവിക്കുമ്പോഴും നമുക്ക് നമ്മുടെ മനസ്സിനെ ശാന്തമാക്കാനാക്കി ജീവിക്കാനാകും.
ഭഗവത് സ്മരണ ഒന്നുമാത്രം മതി എല്ലാ ദുഃഖത്തിൽ നിന്നും കരകയറാൻ.
‘ഞാൻ ഭഗവാന്റെ അംശമാണ്. ആ ചൈതന്യമാണ് എന്നിലടങ്ങിയിരിക്കുന്നത് ഞാൻ എന്റേതെന്നും പറഞ്ഞ് അനുഭവിക്കുന്ന സുഖ ദുഃഖങ്ങൾ എന്റെ ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ, ഒന്നും എന്റെ ആത്മാവിനെ ബാധിക്കുന്നില്ല.’ എന്നിങ്ങനെ കരുതുക.


ഉള്ളിലേക്ക് നോക്കാൻ, സ്വയം മനസ്സിലാക്കാൻ മടിക്കുന്നതിന് ഒരു *ഉദാഹരണ കഥ ഉദിത്ചൈതന്യയതി പറയുന്നു:




ഒരു ഇംഗ്ലീഷ്മീഡിയം ക്ലാസ്സിൽ ഒരു ടീച്ചർ This is my head- ഇത് എന്റെ തല എന്നിങ്ങനെ പഠിപ്പിക്കുന്നു. കുട്ടി വീട്ടിൽ വന്ന്, This is my head= ഇത് സാറിന്റെ തല ഇത് സാറിന്റെ തല എന്നിങ്ങനെ വായിക്കുന്നു..അത് കേട്ട് അച്ഛൻ പറയുന്ന സാറിന്റെ തലയല്ലടാ This is my head എന്നു പറഞ്ഞാൽ എന്റെ തല എന്നാണ് എന്നാണ്. കുട്ടി ഉടൻ തിരുത്തി വായിക്കാൻ തുടങ്ങി.. This is my head- അച്ഛന്റെ തല This is my head- അച്ഛന്റെ തല എന്ന്.. ഇതുപോലെയാണ് നാമും! സ്വന്തമായി ചിന്തിക്കില്ല]

നാം നമ്മെ അറിയാൻ ശ്രമിക്കാത്തതിനു/ ഉള്ളിലേക്ക് നോക്കില്ല എന്നതിനുദാഹരണമായി ഉദിത്ചൈതന്യയതി മറ്റൊരു കഥകൂടി പറയുന്നു:

No comments:

Post a Comment