Thursday, July 15, 2010

മനസ്സും ശരീരവും

മനസ്സ് ശരീരത്തോട് ഒട്ടിപ്പിടിക്കാന്‍ അനുവദിക്കരുത്
രണ്ടും വേറേ വേറെയാണ്‌ എന്ന് മനസ്സിലാക്കാന്‍..
അത് നാം ദോശചുടുമ്പോള്‍ ദോശ കല്ലില്‍ ഒട്ടിപ്പിടിച്ചാല്‍.., ഇഡ്ഡലി ചുടുമ്പോള്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിച്ചാല്‍.., അല്ലെങ്കില്‍ പുട്ടു കുറ്റിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍..
നാം അത് സമ്മതിക്കുമോ?!
നാം എന്തുചെയ്യും?!
എത്രയും പെട്ടെന്ന് അതിനെ ഒട്ടല്‍ മാറ്റാന്‍ ശ്രമിക്കും..
അതുപോലെ നാം നമ്മുടെ മനസ്സിനെ ലൌകീകതയില്‍ അധികം ഒട്ടിപ്പിടിക്കാന്‍ അനുവദിക്കരുത്..

റിസര്‍ച്ച് റിസള്‍‌ട്ട്‌!

ഒരു റിസര്‍ച്ച് വിദ്യാര്‍ത്ഥി ഒരു പാറ്റയെ പരീക്ഷണം നടത്തുകയായിരുന്നു
അയാള്‍ ആദ്യം പാറ്റയുടെ ഒരു കാല്‍ പറിച്ചുകളഞ്ഞിട്ട് 1,2,3 എന്നും പറഞ്ഞ് പാറ്റയെ വിടുന്നു..
പാറ്റ പ്രാണരക്ഷാര്‍ത്ഥം ഒരു നിശ്ചിത ദൂരം ഓടുന്നു
റിസര്‍ച്ച് വിദ്യാര്‍ത്തി ആ ഓട്ടത്തിനെ സ്പീട് അളന്നു വയ്ക്കുന്നു
പിന്നീട് ആ പാറ്റയെ തന്നെ പിടിച്ച് അതിന്റെ ഒരു കാലും കൂടി പറിച്ചു കളയുന്നു..
വീണ്ടും ഓടാന്‍ വിടുന്നു..
ഇപ്രാവശ്യവും പാറ്റ ഓടുന്നു.. സ്പീട് എടുക്കുന്നു.. അല്പം കുറവു കാണുന്നു
അടുത്ത കാലും പറിച്ച് കളഞ്ഞ് വിടുന്നു.. പാറ്റയുടെ സ്പ്പീട് തീരെ കുറയുന്നു.. അയാള്‍ അത് കുറിച്ചു വയ്ക്കുന്നു.. മൂന്നു കാലും ഇല്ലാതായാല്‍ പാറ്റയുടെ ഓട്ടത്തിന്റെ സ്പ്പീട്- ഇത്ര എന്ന്
ഒടുവില്‍ ഏറ്റവും അവസാനത്തെ കാലും പറിച്ചു കളഞ്ഞ് പാറ്റയെ 1,2,3.. എന്നുപറഞ്ഞ് ‘ശൂ..ശൂ.. ഓട്..’ എന്ന് .
ഇപ്രാവശ്യം പാറ്റയ്ക്ക് ഓടാന്‍ പറ്റുന്നില്ല. പാറ്റ അനങ്ങാതെ കിടക്കുന്നു..
റിസര്‍ച്ച് വിദ്യാര്‍ത്ഥി തന്റ് ബുക്കില്‍ എഴുതുന്നു.. “എല്ലാ കാലും പറിച്ചു കളഞ്ഞാല്‍ പിന്നെ പാറ്റയ്ക്ക് കാതു കേള്‍ക്കാന്‍ പറ്റില്ല” എന്ന് ! ഇങ്ങിനെയാണ് നാമൊക്കെ മിക്ക കാര്യങ്ങളും നോക്കി മനസ്സിലാക്കുന്നത്.
ശരിയായ രീതിയിലല്ല കാണുന്നത് എന്നതിന് ഉദാഹരണമായി ശ്രീ ഉദിത് ചൈതന്യ പറഞ്ഞ് കഥ.

Monday, November 16, 2009

വിവേകബുദ്ധി

ശ്രീലങ്കയിൽ സുനാമിയുണ്ടായപ്പോൾ...

കടൽ കരയിലേക്ക് കയറിവരുന്നതുകണ്ട് ഒരച്ഛൻ മക്കളോടും ഭാര്യയോടും പറയുന്നു, ‘വരൂ, നമുക്ക് പുറത്തേക്ക് പോകാം.. കടൽക്കരയിൽ നല്ല രസമായിരിക്കും’
അത് കേട്ട് മകനും ഭാര്യയും ഒക്കെ ഉത്സാഹത്തോടെ വെളിയിൽ അച്ഛനോടൊപ്പം പോകുന്നു.
മകൾക്ക് മാത്രം പോകാൻ തോന്നുന്നില്ല. കുട്ടി വെറുതെ ജനലഴികളിൽ പിടിച്ചുനിന്ന് വെളിയിലേക്ക് നോക്കി നിൽക്കുന്നു. അപ്പോൾ കാണുന്നത് അച്ഛനും അമ്മയും സഹോദരനും കടൽ തിരകളിൽ കളിക്കുന്നതല്ല, കടൽ‌വെള്ളം കുടിച്ച് തിരകളുമായി മല്ലടിച്ച് കടലിലേക്ക് മറയുന്നതാണ്!
കുട്ടി സ്തംബ്ദയായി നിന്നുപോകുന്നു. അപ്പോഴേക്കും വൻ‌തിരകൾ വന്ന കുട്ടി നിന്ന ഹോട്ടലിനകത്തും കയറുന്നു. കുട്ടി ജനലിലെ കമ്പിവിടാത്തതിനാൽ തിരകളിൽ ഒഴുകിപ്പോകുന്നില്ല. പിന്നെ രക്ഷാപ്രവർത്തകർ വരുമ്പോ‍ൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തുന്നു.
ആശുപത്രിയിൽ വച്ച് ബോധം വരുമ്പോൾ കുട്ടി പറയുന്നു, ‘എന്തോ എനിക്കപ്പോൾ പോകണ്ട’ എന്നു തോന്നി. മാതാപിതാക്കളുടെ മരണം കണ്ട് തളർന്നിരുന്ന കുട്ടി സാവധാനം നോർമ്മലായി തന്റെ കഥ പറയുന്നു.

ഈ തോന്നലാണ് വിവേകബുദ്ധി എന്നുപറയുന്നത്.
ഈ വിവേകബുദ്ധി ഉണ്ടാവാൻ ഈശ്വരചൈതന്യം വേണം.
അതിനു മനസ്സ് ശാന്തമാകണം. മനസ്സ് ശാന്തമാകുമ്പോൾ നമുക്ക് നമ്മിലെ ഈശ്വരചൈതന്യത്തെ ദർശിക്കാനാകും. ആ ചൈതന്യം നമുക്ക് സത്ബുദ്ധി തോന്നിപ്പിക്കും

വിവേകബുദ്ധിക്ക് മറ്റൊരുദാഹരണം:
ഒരിക്കൽ ഒരുസ്ത്രീയുടെ ബാഗ് ഒരു കള്ളൻ തട്ടിപ്പറിക്കുന്നു. സ്ത്രീ ഉടൻ അയാളെ പിടികൂടുന്നു.
സ്ത്രീ ശക്തമായി പിടിക്കുന്നതുകൊണ്ട് കള്ളന് ഓടിമറയാനാവാതെ നിലവിളിക്കുന്നു. “ അയ്യോ ഈ സ്ത്രീ എന്നെ കൊല്ലുന്നേ” എന്നൊക്കെ. സ്ത്രീ രണ്ടാമതൊന്നാലോചിക്കാതെ അവറ്റെ കരണക്കുറ്റി
നോക്കി നല്ല രണ്ട് അടി കൊടുക്കുന്നു, ‘പോലീസുകാരോ നിന്നെ ഒന്നും ചെയ്യില്ല, ഞാൻ തരാം’ എന്നും പറഞ്ഞു.
പിന്നീട് സ്ത്രീയോട്, “നിങ്ങൾക്കെവിടെനിന്നുകിട്ടി ഈ ധൈര്യം?” എന്നു ചോദിക്കുമ്പോൾ,
“അതൊക്കെ ഗുരുവായൂരപ്പൻ അപ്പോൾ തോന്നിപ്പിച്ചതാണ്” എന്നായിരുന്നു മറുപടി
ഇതും വിവേകബുദ്ധിയാണ്.

എന്ത്, എപ്പോൾ, ചെയ്യണം എന്ന ഒരു വ്യക്തത ഉണ്ടാക്കുന്നു ഭക്തിയിൽ അടിയുറച്ച മനസ്സിൽ ഉണ്ടാകുന്ന വിവേകബുദ്ധി!

Tuesday, November 10, 2009

എത്ര കിട്ടിയാലും സന്തോഷിക്കില്ല.

ഒരിക്കൽ ഒരാൾ, ഒരു യുവാവ് വഴിയരികിൽ കരഞ്ഞുകൊണ്ടിരിക്കുന്നത് കാണുന്നു
അപ്പോൾ അയാൾ കാരണം അന്വേക്ഷിക്കുന്നു
അപ്പോൾ യുവാവ് പറയുന്നു, “എന്റെ അച്ഛൻ കഴിഞ്ഞയാഴ്ച്ച മരിച്ചുപോയി.”
അപ്പോൾ വഴിയാത്രക്കാരൻ: “ഓ! അതുശരി അച്ഛൻ മരിച്ചാൽ എല്ലാവരും ദുഃഖിക്കും. സാരമില്ല
ഭൂമിയിൽ ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കണ്ടേ. അച്ഛൻ വയസ്സായല്ലെ മരിച്ച്ത്
എന്നോർത്ത് സമാധാനിക്കൂ.”
അപ്പോൾ യുവാവ്: “അതല്ല എനിക്ക് ദുഃഖം.”
യാത്രക്കാരൻ: “പിന്നെന്താ നിന്റെ ദുഃഖം?”
യുവാവ്: “അച്ഛൻ മരിച്ചപ്പോൾ എന്റെ പേരിൽ ഒരേക്കർ ഭൂമിയും .. എഴുതിവച്ചിട്ടാണ് പോയത്!”
യാത്രക്കാരൻ: “അപ്പോൾ നീ സന്തോഷിക്കയല്ലേ വേണ്ടത്. നിനക്കിനി പ്രാരബ്ധമൊന്നും ഇല്ലല്ലൊ.”
അതല്ല എന്റെ വിഷമം.”
“ങ്ഹും പിന്നെന്താ?”
“എന്റെ അമ്മേം മരിച്ചുപോയി.”
“അയ്യോ! അതൊരു വലിയ ദുഃഖം തന്നെയാണ്.”
“അതിലും അല്ല എനിക്ക് സങ്കടം.”
“പിന്നെ?”
“അമ്മേം എനിക്ക് കുറെ നിലങ്ങളും സ്വത്തുക്കലും ഒക്കെ തന്നിട്ടാണ് പോയത്.”
“അപ്പോൾ നീ വലിയ ഭാഗ്യവാനണല്ലൊ, ദുഃഖിക്കുന്നതെന്തിനാ?”
“അതിലുമല്ല എനിക്കു ദുഃഖം>
“പിന്നെ എന്തിലാണ് നിന്റെ ദുഃഖം?”
“എന്റെ മുത്തശ്ശനും ഈയ്യിടെ മരിച്ചുപോയി.
“അതിനിത്ര വിഷമിക്കണ്ടല്ലൊ, അച്ഛനും അമ്മയും മരിച്ച ദുഃഖത്തിനെക്കാളും ഉണ്ടാകുമോ മുത്തശ്ശൻ മരിക്കുന്നത് ദുഃഖം. വയസ്സായാൽ പിന്നെ എല്ലാരും ഒരിക്കൽ മരിച്ചുപോവില്ലെ,
“അതല്ല എനിക്കു ദുഃഖം
“പിന്നെ?!!!
“മുത്താശ്ശനും എനിക്ക് പാടങ്ങളും സ്വത്തുക്കളും ഒക്കെ തന്നിട്ടാണ് പോയത്
“അപ്പോൾ നിന്നെക്കാൾ പരമഭാഗ്യവാനായി ആരും ഇല്ല. ഇത്രയുമൊക്കെ ഉണ്ടായിട്ടും നീ എന്തിനാ ഇങ്ങിനെ ദുഃഖിക്കുന്നത്??!!
“അത്.. എനിക്കിനി ആരും ഒന്നും തരാനില്ലല്ലോ എന്ന ദുഃഖമാണ്!!!

ഇങ്ങിനെയാണ് നാമും പലതിനും വേണ്ടി ദുഃഖിക്കുന്നത്!
നമ്മുടെ സുഖങ്ങളുടെ ഒക്കെ കണക്കെടുത്തു നോക്കിയാൽ ദുഃഖം തുലോം കുറവായിരിക്കും
എന്നിട്ടും നാമൊക്കെ കിട്ടാത്തതിനുവേണ്ടിയും നഷ്ടമായതിനുവേണ്ടിയും അതിന്റെ പിന്നാലെ നമ്മുടെ മനസ്സിനെ അലയാൻ വിട്ട് നാം ദുഃഖിക്കുന്നു.

ആനന്ദം ഉള്ളിലാവാൻ കാരണം

പണ്ട് ബ്രഹ്മാവ് സൃഷ്ടി നടത്തുമ്പോൾ...

അദ്ദേഹം നോക്കുമ്പോൾ താൻ സൃഷ്ടിച്ചവരൊക്കെ ഒരിടത്തും അടങ്ങിയിരിക്കാതെ അങ്ങിനെ ആനന്ദത്തിൽ തുള്ളിച്ചാടി നടക്കുകയാണ്!
ഇതു കണ്ട് സൃഷ്ടി കർത്താവിനു പോലും അല്പം അസൂയ വന്നു.
ഇത്ര എളുപ്പം അങ്ങിനെ അങ്ങു സന്തോഷിച്ചുകൂടല്ലൊ,
രണ്ടാമത് അദ്ദേഹം സൃഷ്ടി നടത്തിയപ്പോൾ, ആനന്ദത്തെ എടുത്ത് പാതാളലോകത്ത് കൊണ്ടുപോയി ഒളിപ്പിച്ചു വച്ചു!
എന്നാൽ മനുഷ്യർ ഭൂമി തുരന്ന് തുരന്ന്, ചെന്ന് അത് കണ്ടെടുത്തു!
അദ്ദേഹത്തിനു വാശിയായി മൂന്നാംമത് സൃഷ്ടി നടത്തുമ്പോൾ അദ്ദേഹം ആനന്ദത്തെ എടുത്ത് കടലിന്റെ അടിയിൽ കൊണ്ടുപോയി വച്ചു. മനുഷ്യർ കടലിന്നടിയിൽ മുങ്ങിച്ചെന്ന് ആനന്ദത്തെ കണ്ടെടുത്തു!
നാലാമത് സൃഷ്ടി നടത്തിയപ്പോൾ അദ്ദേഹം സന്തോഷത്തെ ആകാശത്തിൽ, ചന്ദ്രനിൽ കൊണ്ടുപോയി വച്ചു.
മനുഷ്യർ അതും കണ്ടെടുത്തു!
ഒടുവിൽ ബ്രഹ്മാവിന് ഒരു ബുദ്ധി തോന്നി,
അടുത്തതായി സൃഷ്ടി നടത്തിയപ്പോൾ അദ്ദേഹം അനന്ദത്തെ മനുഷ്യന്റെ തന്നെ ഉള്ളിന്റെ ഉള്ളിൽ അതിസൂക്ഷ്മമായി വച്ചു.
അപ്പോൾ മനുഷ്യന് എളുപ്പം അത് കണ്ടുപിടിക്കാനാവാതെ വന്നു!
മനുഷ്യന്റെ ആനന്ദത്തിന് ഒരു നിയന്ത്രണം വന്നു.

അതുകൊണ്ട് നമുക്ക് ശാശ്വതമായ ആനന്ദം വേണമെങ്കിൽ നാം നമ്മുടെ ഉള്ളിൽ തന്നെ തിരഞ്ഞാലേ രക്ഷയുള്ളൂ.
അല്ലാതെയും സന്തോഷിക്കാം. പക്ഷെ ഏതുനിമിഷവും അത് നമ്മെ കൈവിട്ടുപോകും ഉപേക്ഷിച്ചുപോയേക്കും എന്ന ഭീതിയോടെ നമുക്ക് ആനന്ദിക്കാം. പക്ഷെ അത് ശാശ്വതമായ ആനന്ദമല്ലല്ലൊ,

ആനന്ദം നമ്മുടെ ഉള്ളിൽ...

നാം നമ്മുടെ ഉള്ളിൽ സത്യത്തെ/ആനന്ദത്തെ തിരയുന്നില്ല എന്നതിനുദാഹരണമായി ഒരു കഥ:
രണ്ട് ബിസിനസ്സ്കാറ് സുഹൃത്തുക്കളുണ്ടായിരുന്നു. ആദ്യം പാർട്ടണർ ഷിപ്പ് ബിസിനസ്സ് ഒക്കെയായിരുന്നെങ്കിലും പിന്നീട് തെറ്റി വേറെ വേറെയായി ബിസിനസ്സ്. എങ്കിലും
സാധനങ്ങളൊക്കെ മൊത്തമായി വാങ്ങാൻ ഒരുമിച്ചായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.

ഒരിക്കൽ രണ്ടുപേരും കൂടി അല്പമകലെയുള്ള ഒരു പട്ടണത്തിൽ സാധനം വാങ്ങാൻ പോകുന്നു.
ഇടക്ക് രാത്രിയിൽ ഒരു ഹോട്ടലിൽ തങ്ങുന്നു.
രാത്രി കിടക്കുന്നതിനും മുൻപ് കൂട്ടുകാരൻ കാശൊക്കെ ഒന്നുകൂടി എണ്ണി തൃപ്തിപ്പെടുന്നു. അസൂയയുള്ളയാൾ നോക്കുമ്പോൾ തന്റെ കയ്യിൽ 2000 ഉണ്ടെങ്കിൽ സുഹൃത്തിന്റെ കയ്യിൽ 20,000 ത്തോളം കാശുണ്ട്! ഇത് കണ്ട് അയാളുടെ കണ്ണ് തള്ളുന്നു.
എങ്ങിനെയും സുഹൃത്തിന്റെ കയ്യിൽ നിന്നും ആ കാശ് അടിച്ചുമാറ്റണമെന്ന ഒരു ചിന്ത അയാളിൽ ദൃഢമാകുന്നു.
കൂട്ടുകാരൻ ബാത്ത്‌റൂമിൽ പോകുമ്പോൾ ഇയാൾ ചെന്ന് കൂട്ടുകാരന്റെ പെട്ടിയും സാധനങ്ങളും ഒക്കെ തിരയുന്നു. കണ്ടെത്താനാകുന്നില്ല.
നിരാശനായിരിക്കുമ്പോൾ കൂട്ടുകാരൻ തിരിച്ചെത്തുന്നു,
“നീ കാശൊക്കെ എവിടെയാണ് വച്ചിരിക്കുന്നത്?”
“ഉം എന്തിനാ ഇപ്പോൾ അറിയുന്നത്?”
“അല്ല ഇവിടെ കള്ളന്മാരൊക്കെ ഉള്ള സഥലമാണേ, എവിടെയാ വച്ചിരിക്കുന്നത്?”
“അത് ഞാൻ എന്റെ ബാഗിനുള്ളിൽ ഭദ്രമായി വച്ചിട്ടുണ്ട് നീ വിഷമിക്കണ്ട.”
രാത്രി കൂട്ടുകാരൻ ഉറക്കമായി ഇയാൾക്ക് ഉറക്കം വരുന്നില്ല. ‘എന്നാലും കൂട്ടുകാരൻ കാശെവിടെയാകും വച്ചിരിക്കുക?!’
അയാൾ എഴുന്നേട്ട് കൂട്ടുകാരനെ ഉണർത്താതെ ശബ്ദമുണ്ടാക്കതെ അയാളുടെ തലയിണയുടെ അടിയിലും കിടക്കക്കടിയിലും, (പതിയെ, കൂട്ടുകാരനെ പൊക്കി താഴെ കിടത്തിയിട്ട്!) ഒക്കെ നോക്കി ഒടുവിൽ തളർന്ന് നിരാശനായി കിടക്കുന്നു.
രാവിലെ ഉറക്കമുണർന്നപ്പോൾ വീണ്ടും അയാൾ കൂട്ടുകാരനോട് ചോദിച്ചു,
“നീ കാശൊക്കെ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടോ? അതവിടെ തന്നെയുണ്ടോ?”
“അതൊക്കെ ഭദ്രമായി അവിടെതന്നെ ഉണ്ടായിരുന്നു.”
“നീ എനിക്കും കൂടി ഈ കാശുവയ്ക്കുന്ന വിദ്യ ഒന്നു പറഞ്ഞു തരാമോ? എനിക്ക് എന്റെ കാശും അപ്രകാരം സൂക്ഷിച്ചുവയ്ക്കാനാണ്.”
അപ്പോൾ കൂട്ടുകാരൻ ചിരിച്ചുകൊണ്ട്, “അത് ഞാൻ സൂക്ഷിച്ചത് നിന്റെ തലയിണയ്ക്കടിയിൽ ആയിരുന്നു” എന്ന്.
ഇത് കേട്ട് അയാൾ ഇളിഭ്യനായി നിൽക്കുന്നു. ശ്ശൊ!എന്നാലും എനിക്കീ ബുദ്ധി തോന്നിയില്ലല്ലൊ എന്നോർത്ത്!

ഇതുപോലെയാണ് നാം സന്തോഷം തിർയുന്നതും! നാം പുറത്തുള്ള വസ്തുക്കളിൽ, ആൾക്കാരിൽ, ആർഭാടങ്ങളിൽ, ഹൃദയങ്ങളിൽ ഒക്കെ ആനന്ദം തേടി അലയുന്നു, സ്വന്തം ഹൃദയത്തിൽ തിരയുന്നില്ല!

ആനന്ദം എതാണ് നമ്മുടെ ഉള്ളിൽ പൂട്ടി വച്ചത് എന്നതിനുദാഹരണമായി മറ്റൊരു കഥ അടുത്ത പോസ്റ്റിൽ...

കിണറ്റിലെ തവള

നമ്മുടെ അറിവ് എത്ര ഇടുങ്ങിയതാണ് എന്നതിനുദാഹരണമായി ഒരു കഥ:


ഒരിക്കൽ ഒരു കിണറ്റിൽ വസിക്കുന്ന തവളയെ കാണാൻ ആ തവളയുടെ കൂട്ടുകാരൻ, കടലിൽ വസിക്കുന്ന തവള വരുന്നു.

“എന്നെ അറിയില്ലേ നിന്റെ പണ്ടത്തെ കൂട്ടുകാരൻ?” കടലിലെ തവള ചോദിക്കുന്നു

കിണറ്റിലെ തവള അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ണൊക്കെ ഉരുട്ടി ആലോചിക്കുന്നു: “ഓ, ഓർമ്മ വരുന്നുണ്ട്, നീ ഇപ്പോൾ എവിടെ നിന്നും വരുന്നു?”

കടലിലെ തവള താൻൻ കടലിൽ നിന്നുമാണ് വരുന്നതെന്നറിയിക്കുന്നു.
അപ്പോൾ കിണറ്റിലെ തവള ചോദിക്കുന്നു, “കടൽ എന്നാൽ ഈ കിണറ്റിനോളം ഒക്കെ വരുമോ?”
ഇത് കേട്ട് കടലിലെ തവള ചിരിക്കുന്നു, “കൊള്ളാം, നിന്റെ കിണറെവിടെ വിശാലമായ കടലെവിടെ?!”

ഇതുകേട്ട് കിണറ്റിലെ തവളയ്ക്ക് ദേഷ്യം വരുന്നു. “ഇത്രയായാലും കിണറ്റിനൊപ്പം ഒന്നും നിന്റെ കടലുണ്ടാവില്ല, കൂടിപ്പോയാൽ ദാ ഇത്രെ വരുമായിരിക്കും” എന്നും പറഞ്ഞ് തന്റെ കയ്യുകൾ രണ്ടും വിരുത്തിക്കാട്ടുന്നു.

കടലിലെ തവള വീണ്ടും ചിരിക്കുന്നു, “മണ്ടാ അതൊന്നുമല്ല കടലിന്റെ വിസ്തൃതി!”

കിണറ്റിലെ തവള: “എന്നാൽ പിന്നെ ഇത്രേം കാണുമായിരിക്കും?” അല്ലെ എന്നും പറഞ്ഞ് കിണറ്റിന്റെ ഒരു തൊടിയിൽ നിന്നും മറ്റേ അറ്റത്ത് ചാടിക്കാട്ടുന്നു.

കടലിലെ തവള വീണ്ടും ചിരിക്കുന്നു, “ഇതൊന്നുമല്ല കടലിന്റെ വിസ്തൃതി. വേണമെങ്കിൽ എന്റെ കൂടെ വാ ഞാൻ കാട്ടിത്തരാം”എന്നു പറയുന്നു.

ഒടുവിൽ കിണറ്റിലെ തവള കൂടെ ചെല്ലാമെന്നു സമ്മതിക്കുന്നു.
രണ്ടുപേരും കൂടി ചാടിച്ചാടി കടലിനരികെ എത്തുന്നു. കടൽ കണ്ട കിണറ്റിലെ തവള അന്തം വിട്ടുപോകുന്നു.

അപ്പോൾ കൂട്ടുകാരൻ ചോദിക്കുന്നു, “ഇനി പറ നിന്റെ കിണറോ കടലോ വലുത്?”

ഇത് കേട്ട് കിണറ്റിലെ തവള ധ്യാനിക്കും‌പോലെ അറിയാതെ കണ്ണുകളടക്കുന്നു പിന്നെ ഒന്നും മിണ്ടാതെ വിശാലമായ കടൽ നോക്കിക്കാണുന്നു!

*

ഇതുപോലെയാണ് നാമും. നാമൊക്കെ നമ്മളുണ്ടാക്കിയ ഒരു വേലിക്കെട്ടിനകത്താണ് ജീവിക്കുന്നത്,
‘ആ വേലിക്കകത്ത് നാം പടുത്തുയർത്തിയ ലോകമാണ് ഏറ്റവും വലുത് അല്ലെങ്കിൽ ശരിയായ ലോകം’ എന്നും പറഞ്ഞ്. ‘ഭാഗവതം’ ഈ അജ്ഞതയൊക്കെ മാറ്റി നമ്മുടെ അറിവ് വിശാലമാക്കിത്തരും എന്ന് കാട്ടാനായാണ് ഈ കഥ പറയുന്നത്.