Tuesday, November 10, 2009

ആനന്ദം നമ്മുടെ ഉള്ളിൽ...

നാം നമ്മുടെ ഉള്ളിൽ സത്യത്തെ/ആനന്ദത്തെ തിരയുന്നില്ല എന്നതിനുദാഹരണമായി ഒരു കഥ:
രണ്ട് ബിസിനസ്സ്കാറ് സുഹൃത്തുക്കളുണ്ടായിരുന്നു. ആദ്യം പാർട്ടണർ ഷിപ്പ് ബിസിനസ്സ് ഒക്കെയായിരുന്നെങ്കിലും പിന്നീട് തെറ്റി വേറെ വേറെയായി ബിസിനസ്സ്. എങ്കിലും
സാധനങ്ങളൊക്കെ മൊത്തമായി വാങ്ങാൻ ഒരുമിച്ചായിരുന്നു പൊയ്ക്കൊണ്ടിരുന്നത്.

ഒരിക്കൽ രണ്ടുപേരും കൂടി അല്പമകലെയുള്ള ഒരു പട്ടണത്തിൽ സാധനം വാങ്ങാൻ പോകുന്നു.
ഇടക്ക് രാത്രിയിൽ ഒരു ഹോട്ടലിൽ തങ്ങുന്നു.
രാത്രി കിടക്കുന്നതിനും മുൻപ് കൂട്ടുകാരൻ കാശൊക്കെ ഒന്നുകൂടി എണ്ണി തൃപ്തിപ്പെടുന്നു. അസൂയയുള്ളയാൾ നോക്കുമ്പോൾ തന്റെ കയ്യിൽ 2000 ഉണ്ടെങ്കിൽ സുഹൃത്തിന്റെ കയ്യിൽ 20,000 ത്തോളം കാശുണ്ട്! ഇത് കണ്ട് അയാളുടെ കണ്ണ് തള്ളുന്നു.
എങ്ങിനെയും സുഹൃത്തിന്റെ കയ്യിൽ നിന്നും ആ കാശ് അടിച്ചുമാറ്റണമെന്ന ഒരു ചിന്ത അയാളിൽ ദൃഢമാകുന്നു.
കൂട്ടുകാരൻ ബാത്ത്‌റൂമിൽ പോകുമ്പോൾ ഇയാൾ ചെന്ന് കൂട്ടുകാരന്റെ പെട്ടിയും സാധനങ്ങളും ഒക്കെ തിരയുന്നു. കണ്ടെത്താനാകുന്നില്ല.
നിരാശനായിരിക്കുമ്പോൾ കൂട്ടുകാരൻ തിരിച്ചെത്തുന്നു,
“നീ കാശൊക്കെ എവിടെയാണ് വച്ചിരിക്കുന്നത്?”
“ഉം എന്തിനാ ഇപ്പോൾ അറിയുന്നത്?”
“അല്ല ഇവിടെ കള്ളന്മാരൊക്കെ ഉള്ള സഥലമാണേ, എവിടെയാ വച്ചിരിക്കുന്നത്?”
“അത് ഞാൻ എന്റെ ബാഗിനുള്ളിൽ ഭദ്രമായി വച്ചിട്ടുണ്ട് നീ വിഷമിക്കണ്ട.”
രാത്രി കൂട്ടുകാരൻ ഉറക്കമായി ഇയാൾക്ക് ഉറക്കം വരുന്നില്ല. ‘എന്നാലും കൂട്ടുകാരൻ കാശെവിടെയാകും വച്ചിരിക്കുക?!’
അയാൾ എഴുന്നേട്ട് കൂട്ടുകാരനെ ഉണർത്താതെ ശബ്ദമുണ്ടാക്കതെ അയാളുടെ തലയിണയുടെ അടിയിലും കിടക്കക്കടിയിലും, (പതിയെ, കൂട്ടുകാരനെ പൊക്കി താഴെ കിടത്തിയിട്ട്!) ഒക്കെ നോക്കി ഒടുവിൽ തളർന്ന് നിരാശനായി കിടക്കുന്നു.
രാവിലെ ഉറക്കമുണർന്നപ്പോൾ വീണ്ടും അയാൾ കൂട്ടുകാരനോട് ചോദിച്ചു,
“നീ കാശൊക്കെ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടോ? അതവിടെ തന്നെയുണ്ടോ?”
“അതൊക്കെ ഭദ്രമായി അവിടെതന്നെ ഉണ്ടായിരുന്നു.”
“നീ എനിക്കും കൂടി ഈ കാശുവയ്ക്കുന്ന വിദ്യ ഒന്നു പറഞ്ഞു തരാമോ? എനിക്ക് എന്റെ കാശും അപ്രകാരം സൂക്ഷിച്ചുവയ്ക്കാനാണ്.”
അപ്പോൾ കൂട്ടുകാരൻ ചിരിച്ചുകൊണ്ട്, “അത് ഞാൻ സൂക്ഷിച്ചത് നിന്റെ തലയിണയ്ക്കടിയിൽ ആയിരുന്നു” എന്ന്.
ഇത് കേട്ട് അയാൾ ഇളിഭ്യനായി നിൽക്കുന്നു. ശ്ശൊ!എന്നാലും എനിക്കീ ബുദ്ധി തോന്നിയില്ലല്ലൊ എന്നോർത്ത്!

ഇതുപോലെയാണ് നാം സന്തോഷം തിർയുന്നതും! നാം പുറത്തുള്ള വസ്തുക്കളിൽ, ആൾക്കാരിൽ, ആർഭാടങ്ങളിൽ, ഹൃദയങ്ങളിൽ ഒക്കെ ആനന്ദം തേടി അലയുന്നു, സ്വന്തം ഹൃദയത്തിൽ തിരയുന്നില്ല!

ആനന്ദം എതാണ് നമ്മുടെ ഉള്ളിൽ പൂട്ടി വച്ചത് എന്നതിനുദാഹരണമായി മറ്റൊരു കഥ അടുത്ത പോസ്റ്റിൽ...

No comments:

Post a Comment